നമ്മുടെ വിധി നാം തെരഞ്ഞെടുക്കുക
ചെറിയ ചെറിയ സാധനങ്ങള്‍ നടന്നു വില്‍പ്പന നടത്തിയിരുന്ന ഒരു വൃദ്ധനായ മനുഷ്യന്‍ ഉണ്ടായിരുന്നു.മറ്റുള്ളവര്‍ അദ്ദേഹത്തെ കിറുക്കന്‍ എന്നും മഠയന്‍ എന്നും വിളിക്കുമായിരുന്നു.കാരണം, തന്‍റെ സാധനങ്ങള്‍ അദ്ദേഹം പലപ്പോഴും കുറഞ്ഞ വിലയ്ക്ക് വില്‍ക്കുമായിരുന്നു.കൂടാതെ, സാധങ്ങള്‍ വാങ്ങുന്ന കൂട്ടത്തില്‍ അദ്ദേഹം കാണാതെ പലരും പെട്ടിയില്‍ നിന്നും മോഷണവും നടത്തിയിരുന്നു.അതുപോലെ കള്ളനാണയങ്ങളും കീറിയ നോട്ടുകളും കൊടുത്തു അദ്ദേഹത്തെ പറ്റിക്കുകയും പതിവായിരുന്നു.
മറ്റുള്ളവര്‍ തന്നെ കബളിപ്പിക്കുന്നതും വഞ്ചിക്കുന്നതും അദ്ദേഹം മനസ്സിലാക്കിയിരുന്നെങ്കിലും അതിന്‍റെ പേരില്‍ അവരെ എതിര്‍ക്കാനോ അവരുമായി വഴക്കിടാണോ അവരെ കുറ്റപ്പെടുത്താനോ അദ്ദേഹം ഒരിക്കലും തുനിഞ്ഞിരുന്നില്ല.മറ്റുള്ളവര്‍ തന്നെ കളിയാക്കുമ്പോള്‍ പോലും അദ്ദേഹം ഒരു കുട്ടിയെ പോലെ ചിരിക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്.
എങ്കിലും,തന്‍റെ ജീവിതത്തിലെ ഓരോ നിമിഷവും സന്തോഷകരമായി ഇരിക്കുവാനും ഒരിക്കലും ഒന്നിനെ കുറിച്ചും ഓര്‍ത്തു വിഷമിക്കതിരിക്കുവാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.തനിക്കു കിട്ടുന്നത് കൊണ്ട് തൃപ്തിപ്പെടുവാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു.
ഒടുവില്‍ അദ്ദേഹം സുഖമില്ലാതായി കിടപ്പിലായി.തന്‍റെ അന്ത്യ നാളുകള്‍ എത്തി എന്ന് അദ്ദേഹത്തിനു ബോധ്യമായി. മരണാസന്നനായ അദ്ദേഹം ഉയരങ്ങളിലേക്ക് തന്‍റെ മിഴികള്‍ ഉയര്‍ത്തി ഇപ്പ്രകാരം പ്രാര്‍ത്ഥിച്ചു.
" ദൈവമേ, എന്‍റെ മരണം അടുത്തിരിക്കുന്നു എന്ന് ഞാന്‍ മനസിലാക്കുന്നു. എന്‍റെ കച്ചവടത്തിനിടയില്‍ പലപ്പോഴും ഞാന്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്.എന്നാല്‍ ഒരിക്കല്‍ പോലും ഞാന്‍ അവരെ കുറ്റക്കാരായി വിധിച്ചിട്ടില്ല.അവര്‍ ചെയ്യുന്നത് എന്താണ് എന്ന് അവര്‍ അറിഞ്ഞിരുന്നില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.ഇപ്പോള്‍ എന്നെയും എന്‍റെ ജീവിതത്തെയും അങ്ങയുടെ മുന്‍പില്‍ അര്‍പ്പിക്കുന്നു.അത് എടുക്കാത്ത ഒരു നാണയം പോലെയാണ്. എന്നെ അങ്ങ് വിധിക്കരുതെ."
പെട്ടെന്ന് അവിടെ ഒരു അശരീരി ഉയര്‍ന്നു,
"നീ ഒരിക്കലും മറ്റുള്ളവരെ കുറ്റപ്പെടുത്തുകയോ വിധിക്കുകയോ ചെയ്തില്ല.പിന്നെ എങ്ങനെ നിന്നെ കുറ്റപ്പെടുത്താനും വിധിക്കാനും സാധിക്കും."
വിശുദ്ധ വേദ പുസ്തകത്തില്‍ പറയുന്നു :
"നിങ്ങള്‍ വിധിക്കപ്പെടാതിരിക്കേണ്ടതിനു വിധിക്കരുത്.നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളെയും വിധിക്കും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും."
മത്തായി 7 : 1 - 2
നമ്മള്‍ ലോകത്തിനു എന്ത് കൊടുക്കുന്നോ അത് നമുക്കും കിട്ടുന്നു.നമുക്ക് കിട്ടുന്നത് കുറഞ്ഞു പോയി എന്നും, പലതും നമ്മുടെ അവകാശമാണ് എന്നും വാദിക്കുമ്പോള്‍, നമ്മള്‍ കൊടുക്കുന്നത് കുറഞ്ഞു പോയി എന്നും, പലതും കൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് എന്നും ഉള്ള യാഥാര്‍ത്ഥ്യം നമ്മള്‍ വിസ്മരിച്ചു പോകുന്നു.
No comments:
Post a Comment