ഗിസയിലെ പിരമിഡ് ദൈവിക ഉദ്ദേശത്തോടെ നിര്‍മിച്ചതോ?
പ്രാചീന സപ്താത്ഭുതങ്ങളില്‍ ഇന്നും അവശേഷിക്കുന്ന ഭീമാകാരമായ ഗിസയിലെ പിരമിഡ് യേശുവിനു 2750 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഖുഫു എന്ന ഫറവോ സ്വന്തം ശവകുടീരം കാത്തു സൂക്ഷിക്കുന്നതിന് വേണ്ടി പണി കഴിപ്പിച്ചതാണ്. ഭുമിയില്‍ ഏറ്റവും പഴക്കമുള്ളതും ഏറ്റവും ഉയരം കൂടിയതുമായ വാസ്തുശില്‍പ്പമായി ഇതു ഇന്നും തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു. വലിയ ചുണ്ണാമ്പ് കല്ലുകളും 20 മുതല്‍ 80 ടണ്‍ വരെ ഭാരമുള്ള കരിക്കല്ലുകളും ആണ് ഇതിന്‍റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 146 .5 മി. ഉയരമുണ്ടായിരുന്ന ഗിസയിലെ പിരമിഡ് 3800 വര്‍ഷത്തോളം ഏറ്റവും ഉയരം കൂടിയ മനുഷ്യ നിര്‍മ്മിതിയായി നില നിന്നു. ഇതിന്‍റെ ഉത്ഭവത്തെ കുറിച്ചും നിര്‍മ്മാണത്തെ കുറിച്ചും ഘടനയെ കുറിച്ചും പല വിധ അജ്ഞതകള്‍ ഇന്നും നില നില്‍ക്കുന്നു.
ദൈവ കല്പനയാല്‍ നിര്‍മ്മിച്ചതോ ?
വിശുദ്ധ ബൈബിളില്‍ ഉല്‍പ്പത്തി പുസ്തകം 6 : 13 - 22 വരെയുള്ള വാക്യങ്ങളില്‍ ദൈവം 'എങ്ങനെ പെട്ടകം ഉണ്ടാക്കണം' എന്ന് വ്യക്തമായി നോഹയോടു അരുളി ചെയ്തിട്ടുണ്ട്. പിന്നീട് പുറപ്പാടു പുസ്തകത്തില്‍ താന്‍ അവരുടെ നടുവില്‍ വസിക്കേണ്ടതിനു ഒരു വിശുദ്ധ മന്ദിരം ഉണ്ടാക്കെണമെന്നും അത് താന്‍ കാണിക്കുന്ന മാതൃക പ്രകാരം തന്നെ ഉണ്ടാക്കണമെന്നും യഹോവ മോശയോട് കല്‍പ്പിക്കുന്നു.(പുറപ്പാടു 25 ). അതുപോലെ ഇസ്രായേലില്‍ ശലോമോന്‍ രാജാവ് പണിഞ്ഞ യഹോവയുടെ ആലയത്തെ കുറിച്ചും ദാവീദ് രാജാവിന് യഹോവയുടെ വ്യക്തമായ നിര്‍ദേശം ഉണ്ടായിരുന്നു.(2 ശമുവേല്‍ 7 ). പഴയ നിയമത്തില്‍ ഇങ്ങനെ പലയിടത്തും കാണുന്നതുപോലെ , ഒരുപക്ഷെ ഗിസയിലെ പിരമിഡും ദൈവ മഹത്വത്തിന്റെ സാക്ഷ്യ പാത്രമായി തീരുന്നതിനു വേണ്ടി യഹോവയുടെ നിര്‍ദേശ പ്രകാരം നിര്‍മ്മിക്കപ്പെട്ടതാവുമോ?
യശയ്യാവ് പ്രവാചകന്‍ മിസ്രെയീമിനെ കുറിച്ചുള്ള തന്‍റെ പ്രവചനത്തില്‍ ഇപ്പ്രകാരം പറയുന്നു :
"അന്നാളില്‍ മിസ്രയീം ദേശത്തിന്‍റെ നടുവില്‍ യാഹോവയ്ക്കൊരു യാഗപീഠവും അതിന്‍റെ അതിര്‍ത്തിയില്‍ യാഹോവയ്ക്ക് ഒരു തൂണും ഉണ്ടായിരിക്കും". (യെശയ്യാവ് 19 : 19 )
യെശയ്യാവ് പ്രവാചകന്‍റെ പുസ്തകത്തില്‍ ഉടനീളം ഈജിപ്ടിനെ എബ്രായ പദമായ 'മിസ്രയീം' എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. ആധുനിക ഭൂമി ശാസ്ത്ര പഠനങ്ങളും സാറ്റെലൈറ്റ് ഉപയോഗിച്ചുള്ള ചിത്രങ്ങളും വിരല്‍ ചൂണ്ടുന്നത്, ഗിസയിലെ പിരമിഡ് സ്ഥിതി ചെയ്യുന്നത് ഈജിപ്ടിന്ടെ ഒത്ത മധ്യത്തു തന്നെയാണ് എന്ന ശ്രദ്ധേയമായ വസ്തുതയിലേക്ക് ആണ്. ഇവിടം പുരാതന ഈജിപ്ടുകളുടെ അതിര്‍ത്തി പ്രദേശമായിരുന്നു. 'ഗിസ' എന്ന അറബി വാക്കിനര്‍ത്ഥം 'അതിര്‍ത്തി ' എന്നാണ്. അതിശയകരം എന്ന് പറയാതെ വയ്യ, "ഗ്രേറ്റ് പിരമിഡ് " പുരാതന ഈജിപ്ടുകളുടെ അതിര്‍ത്തിയിലുള്ള 'തൂണും', അതേസമയം, 'മിസ്രയീം' ദേശത്തിന്‍റെ 'നടുവില്‍' സ്ഥിതി ചെയ്യുകയും ചെയ്യുന്നു.
യെശയ്യാവ് പ്രവാചകന്‍ ഇപ്രകാരം തുടരുന്നു :
"അത് മിസ്രയീം ദേശത്ത് സൈന്യങ്ങളുടെ യാഹോവയ്ക്ക് ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും.പീഡകന്മാര്‍ നിമിത്തം അവര്‍ യഹോവയോടു നിലവിളിക്കും.അവന്‍ അവര്‍ക്ക് ഒരു രക്ഷകനെ അയക്കും.അവന്‍ പൊരുതു അവരെ വിടുവിക്കും."
പഴയ നിയമത്തിലുടനീളം യേശുക്രിസ്തുവിനെ മന്ദിരത്തിന്റെ "മൂലക്കല്ലായി " താരതമ്മ്യം ചെയ്തിരിക്കുന്നതായി കാണാം. സാധാരണയായി ഒരു കെട്ടിടത്തിന്‍റെ അടിസ്ഥാനത്തിലാണ് മൂലക്കല്ല് കാണപ്പെടുന്നത്. എന്നാല്‍ ഒരു പിരമിഡിനെ സംബന്ധിച്ചിടത്തോളം അതിന്‍റെ മൂലക്കല്ല് സ്ഥിതി ചെയ്യുന്നത് ഏറ്റവും മുകളിലായാണ്.
യെശയ്യാവ് 28 : 16 ല്‍ പറയുന്നു,
"ഞാന്‍ സീയോനില്‍ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധന ചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാന കല്ല് ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവന്‍ ഓടിപ്പോകയില്ല."
സെഖരിയാവ് 4 : 7 ല്‍ ഇപ്പ്രകാരം പ്രസ്താവിക്കുന്നു:
"അതിന്നു കൃപ, കൃപ എന്ന ആര്‍പ്പോട് കൂടെ അവന്‍ ആണിക്കല്ല് കയറ്റും."
സങ്കീര്‍ത്തനങ്ങള്‍ 118 : 22 ല്‍ ഇപ്പ്രകാരം സൂചിപ്പിക്കുന്നു :
"വീട് പണിയുന്നവര്‍ തള്ളി കളഞ്ഞ കല്ല് മൂലക്കല്ലായി തീര്‍ന്നിരിക്കുന്നു."
വാസ്തവത്തില്‍, പരീശന്മാരും മഹാപുരോഹിതന്മാരും താന്‍ മശിഹ ആണെന്ന് വിശ്വസിക്കാന്‍ കൂട്ടാക്കുന്നില്ല എന്ന് കണ്ട യേശുക്രിസ്തുവും ഈ വചനങ്ങള്‍ ജന കൂട്ടത്തിനു മുന്പ്പില്‍ എടുത്തു പറയുന്നുണ്ട്.(മത്തായി 21 : 42 - 44) .
പിന്നീട്, അപ്പോസ്തലനായ പത്രോസ് യഹൂദാജനതയോടുള്ള തന്‍റെ പ്രസംഗത്തില്‍ ഈ പ്രവചനത്തില്‍ പറയുന്ന മൂലക്കല്ല് യേശുക്രിസ്തു തന്നെ എന്ന് ഉറപ്പിക്കുന്നുണ്ട്.
"വീട് പണിയുന്നവരായ നിങ്ങള്‍ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായി തീര്‍ന്ന കല്ല് ഇവന്‍ തന്നെ.മറ്റൊരുത്തനിലും രക്ഷ ഇല്ല.നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴില്‍ മനുഷ്യരുടെ ഇടയില്‍ നല്‍കപ്പെട്ട വേറൊരു നാമവും ഇല്ല."
ഇന്നു ഗിസയിലെ പിരമിഡിനെ സംബന്ധിച്ച് ശ്രദ്ധേയമായ ഒരു കാര്യം അതിനു മൂലക്കല്ല് ഇല്ല എന്നതാണ്. വാസ്തവത്തില്‍, ഗ്രേറ്റ് പിരമിഡില്‍ അങ്ങനെ ഒരു മൂലക്കല്ല് ഉണ്ടായിരുന്നതായി യാതൊരു ചരിത്രപരമായ രേഖകളും ഇല്ല.ഗ്രേറ്റ് പിരമിഡിനെ കുറിച്ച് നില നില്‍ക്കുന്ന അജ്ഞതകളിള്‍ ഒന്നായി ഇതും നില്‍ക്കുന്നു.
No comments:
Post a Comment