Tuesday, March 6, 2012

ഒരു ചോദ്യവും രണ്ടു ഉത്തരവും 




ഒരിക്കല്‍ ഒരു നഗര കവാടത്തില്‍ കുതിരപ്പുറത്തു ഒരു യുവാവ്‌ വന്നെത്തി.വൃദ്ധനായ കാവല്‍ക്കാരനോട്‌ അയാള്‍ ഇപ്പ്രകാരം ചോദിച്ചു:
"അല്ലയോ കാവല്‍ക്കാര, ഈ നഗര വാസികളെപ്പറ്റിയും അവരുടെ സ്വഭാവത്തെപ്പറ്റിയും അങ്ങ് എനിക്ക് പറഞ്ഞു തരാമോ?"
അതിനു ഉത്തരമായി കാവല്‍ക്കാരന്‍ ഒരു മറുചോദ്യമാണ്  ചോദിച്ചത്.
"സുഹൃത്തേ  നിങ്ങള്‍  എന്താണ് അങ്ങനെ ചോദിച്ചത്? നിങ്ങള്‍ എവിടെ നിന്ന് വരുന്നു?"
യുവാവ്‌ മറുപടി പറഞ്ഞു:
"ഞാന്‍ എന്‍റെ ജന്മ നഗരത്തില്‍ നിന്നാണ് വരുന്നത്. അവിടെ എല്ലാവരും ദുഷ്ടന്മാരാണ്.എനിക്ക് അവിടം മടുത്തു പോന്നതാണ്......"
ഇതു കേട്ട് കാവല്‍ക്കാരന്‍ പറഞ്ഞു:
" കുഞ്ഞേ, ഇവിടെയുള്ളവര്‍ നിങ്ങളുടെ നഗരത്തിലുള്ളതിനെക്കാള്‍ ദുഷ്ടന്മാരാണ്. അതുകൊണ്ട് വേറെ ഒരിടം തേടുന്നതാവും നിനക്ക് നല്ലത്."
ഇതു കേട്ട് ആ യുവാവ്‌ ഒന്നും പറയാതെ കുതിരപ്പുറത്തു കയറി പോയി.
കുറച്ചു കഴിഞ്ഞു ഒരു കാളവണ്ടിയില്‍ മറ്റൊരു യാത്രികന്‍ അവിടെ എത്തി.അയാളും കാവല്‍ക്കാരനോട്‌ ഇപ്പ്രകാരം ചോദിച്ചു:
"മുത്തശ്ശാ, ഞാന്‍ താമസ്സിക്കാന്‍ ഒരു സ്ഥലം നോക്കി നടക്കുകയാണ്.ഇവിടെ താമസ്സിച്ചു ജോലി ചെയ്തു ജീവിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.ഈ നഗരവാസികള്‍ എങ്ങനെ ഉള്ളവരാണ്?എനിക്ക് ഇവിടെ സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കില്ലേ?"
കാവല്‍ക്കാരന്‍ ചോദിച്ചു:
"നിങ്ങള്‍ എവിടെ നിന്ന് വരുന്നു?ആ സ്ഥലം എങ്ങനെ ഉണ്ടായിരുന്നു?"
അത് കേട്ട് അയാളുടെ മിഴികള്‍ നിറഞ്ഞു.അയാള്‍ പറഞ്ഞു;
"എന്‍റെ നാട്ടുകാര്‍ വളരെ സ്നേഹമുള്ളവരായിരുന്നു.ഒരു ജോലി തേടി അവിടം വിട്ടു പോന്നതാണ്.....എന്നെങ്കിലും അവിടേക്ക് തിരികെ പോകണം എന്നാണ് എന്‍റെ ആഗ്രഹം".
അത് കേട്ട് കാവല്‍ക്കാരന്‍ പറഞ്ഞു:
"കുഞ്ഞേ, നിനക്ക് താമസ്സിക്കാന്‍ പറ്റിയ ഇടമാണ് ഇത്. ഈ നഗരത്തില്‍ നിനക്ക് എത്ര നാള്‍ വേണമെങ്കിലും ജോലി ചെയ്തു താമസിക്കാം.നിനക്ക് വേണ്ട സ്നേഹവും സംരക്ഷണവും ഇവിടെ നിന്നും ലഭിക്കും."
ഇത്രയും പറഞ്ഞു കൊണ്ട് കാവല്‍ക്കാരന്‍ അയാളെ നഗര വാതില്‍ തുറന്നു അകത്തേക്ക് നയിച്ചു.ഇത് കണ്ടു നിന്ന അയാളുടെ ഭാര്യയ്ക്ക് അതിശയമായി.അവര്‍ ചോദിച്ചു:
"നിങ്ങള്‍ എന്ത് കൊണ്ടാണ് പുറത്തു നിന്ന് വന്ന രണ്ടു പേരോട് ഒരേ ചോദ്യത്തിനു രണ്ടു തരത്തില്‍ മറുപടി പറഞ്ഞത്?"
ഭാര്യയുടെ ചോദ്യം കേട്ട് വൃദ്ധന്‍ പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു:
"ആദ്യം വന്നയാള്‍ എല്ലാവരെയും മോശക്കരായി കാണുകയും മറ്റുള്ളവരെ സ്നേഹിക്കാന്‍ കഴിയാത്ത മനസ്സുള്ളവനും ആയിരുന്നു.എന്നാല്‍ രണ്ടാമത്തെ ആള്‍ തന്നെ പോലെ മറ്റുള്ളവരെ സ്നേഹിക്കാന്‍ കഴിയുന്നവനും മറ്റുള്ളവരിലെ നന്മയെ തിരിച്ചറിയുന്നവനും ആണ്.അവര്‍ രണ്ടു സ്വഭാവത്തിലുള്ളവര്‍ ആയതു കൊണ്ടാണ് എന്‍റെ ഉത്തരവും രണ്ടു തരത്തില്‍ ആയത്."
നമ്മള്‍ ലോകത്തോട്‌ ഏതു തരത്തില്‍ പ്രതികരിക്കുന്നോ, ലോകം ആ തരത്തില്‍ നമ്മളോടും പ്രതികരിക്കുന്നു. കര്‍ത്താവായ യേശുക്രിസ്തുവും ഇതു തന്നെയാണ് നമ്മളോട് പറയുന്നത്.
"മനുഷ്യര്‍ നിങ്ങള്‍ക്ക് ചെയ്യേണം എന്ന് നിങ്ങള്‍ ഇചിക്കുന്നത് ഒക്കെയും നിങ്ങള്‍ അവര്‍ക്കും ചെയ്‍വിന്‍."............."''
                                                                                                      മത്തായി 7 : 12

എന്നെ പോലെ എന്‍റെ അയല്‍ക്കാരനെ സ്നേഹിക്കാന്‍ കഴിയണമെങ്കില്‍ അവരിലെ നന്മയെ തിരിച്ചറിയാന്‍ കഴിയണം.പാപിയെ അല്ല, പാപത്തെ വെറുക്കാനാണ് കര്‍ത്താവു പറഞ്ഞത്.നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കാനും നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും കര്‍ത്താവു നമ്മെ പഠിപ്പിക്കുന്നു.അതിനു കഴിഞ്ഞാല്‍ ലോകത്ത് എവിടെയും സ്വസ്ഥമായും സന്തോഷമായും ജീവിക്കാന്‍ നമുക്ക് കഴിയും.